Friday, June 3, 2011

വിഷമഴയ്ക്കെതിരെ, കേരളം . . .

സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോവുകയായിരുന്നു, കലാബതി. ആകാശത്ത് വട്ടമിട്ടുപറക്കുന്ന യന്ത്രത്തുമ്പി.
എന്‍ഡോസള്‍ഫാന്‍ എന്ന വിഷം തുപ്പി പറന്ന ഹെലികോപ്ടറിനു പുറകെയാണ് കലാബതി നടന്നത്.
വിഷം കലാബതിയുടെ തലയിലും ഉടുപ്പിലും എല്ലാം വീണു. വീട്ടിലെത്തും മുന്‍പേ വീണതാണ് കലാബതി.
പിന്നെ എഴുന്നേറ്റിട്ടില്ല. ഇപ്പോള്‍ പ്രായം 41. പരിചരിക്കാന്‍ 61 വയസ്സുകാരി അമ്മ മാത്രം.
    
     കാസര്‍കോട്ട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ വന്ധ്യതാനിരക്ക് കൂടുതലാണ്. ഗര്ഭഛിദ്രതിന്റെ
തോതും പൊതു ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന
നമ്മുടെ കുഞ്ഞുങ്ങള്‍.

     വലിയ തലയും ചെറിയ ഉടലുമായി ജീവിക്കുന്ന സൈനബ. സൈനബയെ പോലെ ഒട്ടേറെ വികൃത ജന്മങ്ങള്‍,
മന്ദബുദ്ധികള്‍ . . . ഈ കുഞ്ഞുങ്ങളെ കണ്ടുനടുങ്ങുന്ന കാസര്‍കോട്ടെ പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാന്‍ പേടിയാണ്.
ദൈന്യ ജന്മങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലും ഭേദം വന്ധ്യതയാണെന്നു കരുതുന്നവരും കുറവല്ല . . .

     എന്‍ഡോസള്‍ഫാന്‍ തളിയ്ക്കുന്ന പ്രദേശങ്ങളില്‍ അമ്മമാരുടെ മുലപ്പാലില്‍ പോലും
എന്‍ഡോസള്‍ഫാന്‍
ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. പോന്നോമാനയുടെ ചുണ്ടില്‍ വിഷം പകരുന്നതിന്റെ വിതുമ്പലൊതുക്കാന്‍
കഴിയാത്ത അമ്മമാര്‍ . . .

     ഒരു പ്രദേശത്തെ ജനത ഏറ്റുവാങ്ങുന്ന ദുരിതങ്ങളാണിതെല്ലാം. പ്രകൃതിയുടെ വികൃതിയല്ല; മനുഷ്യന്‍ വിതച്ചു
കൊയ്യുന്ന ദുരിതങ്ങള്‍. കശുമാവിന്‍ പൂവിലെത്തുന്ന തേയില കൊതുകുകളെ നശിപ്പിക്കാനാണ് കാസര്‍കോട്ടെ
കശുമാവിന്‍ തോപ്പുകളില്‍
എന്‍ഡോസള്‍ഫാന്‍ വ്യാപകമായി തളിച്ചത്. മുതലമടയിലും മൂന്നാറിലും എന്‍ഡോസള്‍ഫാന്‍
ഉപയോഗിക്കുന്നതായറിയുന്നു. ആകാശത്തുനിന്നു വിഷമഴ പെയ്യുമ്പോള്‍ തെയിലക്കൊതുകുകള്‍ നശിക്കുന്നതിനോപ്പം
മണ്ണും വിണ്ണും വെള്ളവും വിഷമയമാവുന്നു. എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നു. മിത്രകീടങ്ങള്‍ ചത്തൊടുങ്ങുന്നു.
ചിത്രശലഭങ്ങള്‍ അപ്രത്യക്ഷമാവുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ തകരാറുണ്ടാക്കുന്നു.

     ജൂണ്‍ 5നു ലോക പരിസ്ഥിതി ദിനമാചാരിക്കുമ്പോള്‍
എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമാക്കാനുള്ള സമരപ്രതിജ്ഞയാണ്
കേരളത്തിന്‌ നിര്‍വഹിക്കാനുള്ളത്.

1 comment: